ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിയന്ത്രണം ഹരിയാന നീട്ടി. സംസ്ഥാനത്തെ ആകെയുള്ള 22 ജില്ലകളിൽ 18 ഇടങ്ങളിലും ഞായറാഴ്ച വൈകുന്നേരം അഞ്ച് വരെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ഫോണ്‍വിളികള്‍ക്കു മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതല്‍, പാനിപ്പത്, ഹിസാര്‍, ജിന്ദ്, രോഹ്തക്, ഭിവാനി, ചാര്‍ക്കി ദാദ്രി, ഫത്തേഹാബാദ്, റെവരി, സോണിപത്, പല്‍വാള്‍, ജജ്ജര്‍ എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് പോലീസ് പറയുന്നു.
സംഘടിത പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും കോണ്‍ക്രീറ്റ് സ്ളാബ് ഉപയോഗിച്ച് പൊലീസ് പൂര്‍ണമായി അടച്ചു. കാൽനട സഞ്ചാരം പോലും നിരോധിച്ചു. അതിര്‍ത്തി പൂര്‍ണമായി അടക്കുന്നത് ചോദ്യം ചെയ്തെത്തിയ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ചെങ്കോട്ട അക്രമത്തിന് പിന്നാലെ സമരത്തിൽ നിന്ന് ഒരുപാട് കര്‍ഷകര്‍ തിരിച്ചുപോയിരുന്നു. ഇന്നലെയും ഇന്നുമായി ഇതിൽ വലിയൊരു വിഭാഗംതിരിച്ചെത്തി. ഹരിയാനയിൽ നിന്ന് 2000 ട്രാക്ടറുകൾ കൂടി ഇന്നെത്തി. കര്‍ഷകരുടെ എണ്ണം കൂടിയതോടെ ഗാസിപ്പൂര്‍ ഒഴിപ്പിക്കാനുള്ള നീക്കം യു.പി പൊലീസ് ഉപേക്ഷിച്ചു
സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി അടച്ചു. ചെങ്കോട്ട അക്രമത്തിൽ ഡല്‍ഹി പൊലീസ് അന്വേഷണം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു.