ന്യൂ ഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ. മെയ് 4 മുതൽ ജൂൺ 10 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്. സിലബസുകളിലടക്കം കുറവ് വരുത്തിയാണ് സിബിഎസ്ഇ ഇക്കൊല്ലം പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്.
കോവിഡ് കാരണം സ്കൂളുകളിൽ അധ്യയനം നടക്കാത്തതും സിലബസുകൾ പൂർത്തിയാക്കാൻ സമയമെടുത്തതുമാണ് പരീക്ഷകൾ മുൻകാലങ്ങളെ അപേക്ഷിച്ചു വൈകാൻ ഇടയാക്കിയത്.
പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പത്തു ലക്ഷം അധ്യാപകർക്ക് പരിശീലനം നൽകുന്നതിനും 1975ന് ശേഷം ബോർഡ് പരീക്ഷ എഴുതിയവരുടെ മാർക്ക് ഷീറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കാനും സിബിഎസ്ഇ തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 15നകം ഫലം പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.