ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്ന സംഘടനകളുമായി മാത്രം മതി ചര്‍ച്ചയെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നല്ക്കും. പത്തോളം ചര്‍ച്ചകള്‍ നടന്നിട്ടും എകപക്ഷീയ നിലപാട് കര്‍ഷക സംഘടനകള്‍ തുടരുന്നു എന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി.
വാഗ്ദാനങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പ് കര്‍ഷകര്‍ നല്കിയാല് മാത്രം ചര്‍ച്ച എന്ന കര്‍ശന നിലപാട് ആകും കേന്ദ്രം സ്വീകരിക്കുന്നത്. പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാമെന്നും പോരായ്മകള്‍ പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍.
അവസാനം നടന്ന 11ാം ചര്‍ച്ചയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് സമരം പിന് വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സമരം നടത്തുന്ന സംഘടനകള്‍ തയാറായില്ല. നിയമങ്ങള്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനു തയാറല്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്. ഇനി ചര്‍ച്ച വേണമെങ്കില്‍ സംഘടനകള്‍ മുന്നോട്ടു വരണമെന്ന നിലപാടാണു കഴിഞ്ഞ ചര്‍ച്ച അലസിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കേന്ദ്രത്തിന്റേത്.