ന്യൂ ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍. പ്രിയദര്ശന് സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം, റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത സമീര്‍, ഷിനോസ് റഹ്മാന്, സജാസ് റഹ്മാന് എന്നിവര്‍ സംവിധാനം ചെയ്ത വാസന്തി, മധു സി നാരായണന്റെ കുമ്പളങ്ങി നെറ്റ്സ്, ആഷിക് അബുവിന്റെ വൈറസ്, അനുരാജ് മനോഹറിന്റെ ഇഷ്ക്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന് തുടങ്ങിയ ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നടന്‍ പാര്ഥിപന് മികച്ച നടനുള്ള മത്സരത്തിലുണ്ടെന്നും സൂചനകളുണ്ട്. 2019 ലെ പുരസ്കാരങ്ങളാണ് നല്‍കുന്നത്. മാര്‍ച്ചിലായിരിക്കും പുരസ്കാര പ്രഖ്യാപനം. കലാസംവിധാനം, സംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ക്കാണ് മരയ്ക്കാറിനെ പരിഗണിക്കുന്നത്.
അഞ്ച് പ്രദേശിക ജൂറികളാണ് ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്കുള്ള സിനിമകള്‍ സമര്‍പ്പിച്ചത്. ദേശീയ ജൂറി അംഗങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.