ന്യൂ ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ച ആരംഭിച്ചു. ഡല്‍ഹി വിജ്ഞാന് ഭവനിലാണ് ചര്‍ച്ച നടക്കുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കൂടാതെ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയലും സോം പ്രകാശും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിക്കണമെന്നും പത്താംവട്ട ചര്‍ച്ചയില്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഇന്നലെ സംയുക്ത കിസാന്‍ മോര്‍ച്ച തള്ളി.
വിവാദ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ്. ജനുവരി 26ന് ഡല്‍ഹിയിലെ ഔട്ടര്‍ റിങ് റോഡില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.