മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ പ്രാദേശിക മീഡിയ കമ്പനികൾക്ക് അവരുടെ ഉള്ളടക്കം പങ്കിടുന്നതിന് ടെക് ഭീമന്മാര് പണം നല്‍കണമെന്ന നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഗൂഗിള്‍. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിയമം നടപ്പിലാക്കിയാല്‍ ഓസ്ട്രേലിയയില്‍ തങ്ങളുടെ സെര്‍ച്ച് സേവനങ്ങള്‍ അവസാനിപ്പിക്കും എന്നാണ് ഗൂഗിളിന്റെ ഭീഷണി.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ഓസ്ട്രേലിയ- ന്യൂസിലന്റ് ഗൂഗിള്‍ എംഡി മെല്‍ സില്‍വ ഈ പുതിയ നിയമം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്ന് അറിയിച്ചു.
ഗൂഗിളിന്റെ വഴിയില്‍ തന്നെയാണ് ഫേസ്ബുക്കും പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കം പ്രദാനം ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് പണം നല്‍കണം എന്ന നിയമം വന്നാല്‍ തീര്‍ച്ചയായും ഓസ്ട്രേലിയക്കാരെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥയാകുമെന്ന് ഫേസ്ബുക്ക് മേധാവികള്‍ പാര്‍ലമെന്റ് കമ്മിറ്റിയോട് പറഞ്ഞു.
എന്നാല്‍ ഇത്തരം ഭീഷണികളോട് പ്രതികരിക്കാനില്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറീസ് പറഞ്ഞത്. നിയമം നടപ്പിലാക്കാനുള്ള പദ്ധതികളില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലപാട്. പുതിയ നിയമം ന്യായമുള്ളതും, ഡിജിറ്റല്‍ ലോകത്ത് അത്യവശ്യമാണെന്നുമാണ് ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍ കമ്മീഷന്റെ അഭിപ്രായം. വാര്‍ത്തകള്‍ക്ക് നല്‍കേണ്ട പ്രതിഫലം ഇപ്പോഴത്തെ നിയമപ്രകാരം ഗൂഗിളിനും ഫേസ്ബുക്കിനും തീരുമാനിക്കാം. എന്നാല്‍ അത് സാധിക്കാത്ത പക്ഷം സര്‍ക്കാര്‍ ഇടപെടും.
ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഗൂഗിളും സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്കും മാധ്യമ വ്യവസായത്തിൽ വൻ നേട്ടം കൈവരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഓസ്ട്രേലിയ കഴിഞ്ഞ മാസം നിയമനിർമാണം പ്രഖ്യാപിച്ചത്. ഈ സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്നാണ് ഓസ്ട്രേലിയയുടെ വാദം.