വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവല്‍ സിനിമയാകുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നീ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തും. ‘ഭാര്‍ഗവീനിലയം’ എന്ന പേരില്‍ നോവല്‍ നേരത്തെ തന്നെ സിനിമ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

ഗുഡ്നൈറ്റ് മോഹന്റെ നിര്‍മ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം. എഡിറ്റര്‍ സൈജു ശ്രീധരന്‍. ചിത്രം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.

ആഷിഖ് അബുവിന്റെ കുറിപ്പ്:

സ്‌നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും

ശ്രീ ഗുഡ്‌നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം ആരംഭിക്കും.