ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്സിന് നേപ്പാളും അംഗീകാരം നല്കി. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന് നേപ്പാളിലും ലഭ്യമാക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ കോവീഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്സിന് വികസിപ്പിച്ചത്.
ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരുന്നതിനിടെയാണ് കോവിഷീല്‍ഡ് വാക്സിന് നേപ്പാള്‍ ഡ്രഗ് കണ്ട്രോള് ബോര്‍ഡ് അടിയന്തര അംഗീകാരം നല്‍കിയിട്ടുള്ളത്.
ആറാമത് ഇന്ത്യ-നേപ്പാള്‍ ജോയിന്റ് കമ്മീഷന്റെ ഭാഗമായിട്ടാണ് വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയില്‍ കോവിഷീല്‍ഡ്, കോവാക്സിന് എന്നിവ ഇന്ത്യയില്‍ നിര്‍മിച്ചതില്‍ നേപ്പാള്‍ ഇന്ത്യയെ അഭിനന്ദിച്ചതായും നേപ്പാളിലേക്ക് വാക്സിനുകള്‍ നേരത്തേ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്സിന് നേപ്പാളിന് കൈമാറുമെന്നും വിവരം. വാക്സിന് കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് വാക്സിന് കയറ്റുമതി ഉണ്ടാകുമെന്ന് വിവരം.