ന്യൂ ഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് 501000 രൂപ സംഭാവന നല്കി. വ്യാഴാഴ്ച മുതല്‍ രാമക്ഷേത്ര നിര്‍മാണത്തിന് ദേശീയ തലത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. മകര സംക്രാന്തി ദിനത്തില്‍ ആരംഭിച്ച ഫണ്ട് ശേഖരണം മാഗ് പൂര്‍ണിമ ദിനമായ ഫെബ്രുവരി 27ന് അവസാനിക്കും.
രാമഭക്തന്മാരുടെ പണം ഉപയോഗിച്ചായിരിക്കും രാമക്ഷേത്രം നിര്‍മിക്കുകയെന്ന് സമിതി അറിയിച്ചിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് സഹ അധ്യക്ഷന്‍ ഗോവിന്ദ് ദേവ് ഗിരി രാഷ്ട്രപതിയെ നേരില്‍ കണ്ട് ധനാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.