ബീജിങ്: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തും. വ്യാഴാഴ്ച സംഘം വുഹാനിലെത്തുമെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് വുഹാനില്‍ സന്ദര്‍ശനം നടത്തുകയെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അഥനോം അറിയിച്ചു.
വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം, മനുഷ്യരിലേക്ക് വൈറസ് വ്യാപിക്കാന്‍ ഇടയായ സാഹചര്യം എന്നിവയാണ് വിദഗ്ധ സംഘം പരിശോധിക്കുക.
വുഹാനില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ വിദഗ്ധര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത് ചൈന വൈകിപ്പിക്കുന്നതില്‍ ടെഡ്രോസ് അഥാനോം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൈന വുഹാന്‍ സന്ദര്‍ശനത്തിന് വിദഗ്ധ സംഘത്തിന് അനുമതി നല്‍കിയത്.
കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടത്തണമെന്ന ആവശ്യങ്ങള്‍ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയുമാണ് ചൈന ഇതുവരെ ചെയ്തിരുന്നത്. മാത്രമല്ല, കൊറോണ വൈറസ് ചൈനയ്ക്ക് പുറത്തുനിന്നെത്തിയതാണെന്ന വാദവും ചൈന ഉന്നയിച്ചിരുന്നു.