ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ ഖാലിസ്ഥാന്‍ അനുയായികള്‍ നുഴഞ്ഞുകയറിയതായി അറ്റോര്‍ണി ജനറല്‍ (എജി) കെ. കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. വിവാദ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു സംഭവം.
എ.ജി ഈ വാദം ഉന്നയിച്ചപ്പോള്‍ സത്യവാങ്മൂലം നല്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐബി) നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം ബുധനാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് വേണുഗോപാല്‍ മറുപടി നല്കി. സര്‍ക്കാര്‍ അനുകൂല കര്‍ഷക സംഘടനയാണ് സമരത്തില്‍ ഖാലിസ്ഥാന്‍ വാദികള്‍ നുഴഞ്ഞുകയറിയതായി ആരോപണം ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഇത് പിന്നീട് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.
കര്‍ഷക പ്രതിഷേധത്തില്‍ ജസ്റ്റിസ് ഫോര്‍ സിഖ് പോലുള്ള ഗ്രൂപ്പുകള്‍ ഉള്‍പ്പെട്ടെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന് പി എസ് നരസിംഹ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ആരോപണം സ്ഥിരീകരിക്കാമോ എന്ന് വാദത്തിനിടെ ചീഫ് ജസ്റ്റീസ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി. നിരോധിത സംഘടന നുഴഞ്ഞുകയറിയതായി ആരോപണം ഉന്നയിച്ചാല്‍ അത് സ്ഥിരീകരിക്കണം. ബുധനാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് ചില പ്രതിഷേധക്കാര്‍ പറഞ്ഞതും എജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ കാര്യവും എജി ഓര്‍മ്മിപ്പിച്ചു. കോടതി നോട്ടീസ് നല്‍കുമെന്നും തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസും അറിയിച്ചു.