വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭയിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം അവതരിപ്പിച്ചത്. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. കാപിറ്റോൾ ഹില്ലിൽ കലാപത്തിന് ട്രംപ് പ്രേരിപ്പിച്ചെന്ന് പ്രമേയത്തിൽ പറയുന്നു.
ഭരണഘടനാ അധികാരം ഉപയോഗിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ട്രംപിനെ പുറത്താക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രമേയം നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ട്രംപിനെ പുറത്താക്കാന്‍ മൈക്ക് പെന്‍സ് വിസമ്മതിച്ചാല്‍ ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഡെമോക്രാറ്റുകള്‍ നീങ്ങും. ഈ മാസം ഇരുപതിനാണ് ട്രംപിന്റെ കാലാവധി അവസാനിക്കുക. നാലുവര്‍ഷത്തെ ഭരണത്തിനിടെ ട്രംപിനെതിരായ രണ്ടാം ഇംപീച്ച്മെന്റ് പ്രമേയമാണ് ഇന്ന് അവതരിപ്പിച്ചത്.
ജോ ബൈഡൻ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമർപ്പിക്കുകയുള്ളൂവെന്നാണ് സൂചന. കാപിറ്റോൾ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുൻപ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.