മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബറോഡ ടീമില്‍ നിന്ന് പിന്മാറി ദീപക് ഹൂഡ. ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് പിന്മാറ്റം. ടീം അംഗങ്ങള്‍ക്കു മുന്നില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ചീത്ത വിളിച്ചെന്നും ദീപക് ഹൂഡ പറയുന്നു.
പിന്മാറാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹം ബറോഡ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്. ബറോഡ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹൂഡ.’11ആം വയസ്സു മുതല്‍ ബറോഡയ്ക്ക് വേണ്ടി ഞാന്‍ ക്രിക്കറ്റ് കളിക്കുകയാണ്. നിലവില്‍, എന്നെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്റെ ആത്മവീര്യം കെട്ടിരിക്കുകയാണ്. ഞാന്‍ സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ടീം ക്യാപ്റ്റന്‍ കൃണാല്‍ പാണ്ഡ്യ മറ്റ് താരങ്ങളുടെ മുന്നില്‍ വച്ച് എന്നെ അധിക്ഷേപിക്കുകയാണ്. ഇന്ന് നെറ്റ്സില്‍ പ്രാക്റ്റീസ് നടത്തുന്നതിനിടെ കൃണാല്‍ വന്ന് മര്യാദകേട് കാണിച്ചു. പരിശീലകന് പറഞ്ഞതു പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുകയാണെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പരഞ്ഞു, ”ഞാനാണ് ക്യാപ്റ്റന്‍. ആരാണ് പരിശീലകന്? ഞാനാണ് ബറോഡ ടീമിന്റെ എല്ലാം.” എന്നിട്ട് അദ്ദേഹം ഗുണ്ടായിസം കാണിച്ച് എന്റെ പ്രാക്ടീസ് നിര്‍ത്തിച്ചു.”- ഹൂഡ കത്തില്‍ സൂചിപ്പിക്കുന്നു.
നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.