കൊച്ചി: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്(ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള). കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെതാണ് തീരുമാനം. ഫിയോക്കിന്റെ സമ്പൂര്‍ണ യോഗമാണ് ഇന്ന് നടന്നത്.
വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് സംഘടനയുടെ നിലപാട്. ഇതോടെ പൊങ്കല്‍ റിലീസ് ആയി 13ന് എത്താനിരിക്കുന്ന തമിഴ് ചിത്രം ‘മാസ്റ്ററി’ന്റെ കേരള റിലീസും നടക്കില്ല.
മാസ്റ്ററിന് ശേഷം മലയാള സിനിമകള്‍ തിയേറ്ററുകള്‍ക്ക് കിട്ടുമോ എന്ന കാര്യത്തില്‍ ഇപ്പോളും ധാരണയായിട്ടില്ല. വിതരണക്കാരും നിര്‍മാതാക്കളും ഈ വിഷയത്തില്‍ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
ഈ സാഹചര്യത്തില്‍ ഒരു തമിഴ് സിനിമയ്ക്കു വേണ്ടി മാത്രം തിയേറ്റര്‍ തുറക്കുന്നത് വലിയ നഷ്ടത്തിന് വഴിവെക്കുമെന്ന പൊതുവികാരം അംഗങ്ങള്‍ക്കിടയിലുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് തല്ക്കാലം തിയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഫിയോക് എത്തിച്ചേര്‍ന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിനോദ നികുതി ഒഴിവാക്കണമെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും ചേംബര്‍ അറിയിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു ഫിലിം ചേംബര്‍.