പനാജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് സീസണിലെ ആദ്യജയം നേടി ഒഡിഷ എഫ്സി. ഡീയേഗോ മൊറീഷ്യോയുടെ ഇരട്ടഗോള്‍ മികവില്‍ രണ്ടിനെതിരെ നാലുഗോളിനാണ് ഒഡിഷയുടെ ജയം. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം തോല്‍വിയാണിത്.
ഒഡീഷയ്ക്കായി ഡീഗോ മൗറീസിയോ രണ്ടും ടെയ്ലര് ഒരു ഗോളും നേടിയപ്പോള്‍ ഒരെണ്ണം ജിക്സണ്‍ സിംഗിന്റെ ഓണ്‍ഗോളായിരുന്നു. കേരളത്തിനായി മുറെയും ഹൂപ്പറും ഗോള്‍ നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്സായിരുന്നു. ഫാക്കുണ്ടോ പെരേര എടുത്ത ലോംഗ് ഫ്രീകിക്കില്‍നിന്നായിരുന്നു ഗോള്‍ വന്നത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് രാഹുല്‍ കെ.പി ഹെഡ് ചെയ്തു. എന്നാല്‍ ഒഡീഷ ഗോള്‍ കീപ്പര്‍ തട്ടിത്തെറിപ്പിച്ച പന്ത് മുറെയുടെ കാല്പ്പാകത്തിനാണ് എത്തിയത്. പിഴയ്ക്കാതെ മുറെ പോസ്റ്റില്‍ പന്തെത്തിച്ചു.
കളിയുടെ ഒഴുക്കിനെതിരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍. നിരന്തരം ആക്രമണം അഴിച്ചുവിട്ട ഒഡീഷയ്ക്കു ആദ്യ ഗോള്‍ പ്രഹരമായി. ഇതോടെ കൂടുതല്‍ ശക്തമായി ആക്രമണം കെട്ടഴിച്ചു. കേരള താരങ്ങള്‍ കളിമറക്കുകയും ചെയ്തു.
ആദ്യ പകുതിയില്‍ 2-1 ന് മുന്നിലായിരുന്ന ഒഡീഷ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി അടിച്ച് കളിപിടിച്ചു. 79-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ നല്കിയ ക്രോസില്‍ നിന്ന് ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്റെ അവസാന 10 മിനിറ്റില്‍ ഒഡിഷയെ വിറപ്പിക്കാനും ബ്ലാസ്റ്റേഴ്സിനായി. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് ഈ സമയത്ത് ബ്ലാസ്റ്റേഴ്സ് ഒരുക്കിയെടുത്തത്.