ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ചർച്ചയും പരാജയപ്പെടുത്തതോടെ സമരം തുടരാൻ കൂടുതൽ തയ്യാറെടുപ്പുകളുമായി കർഷകർ. ഇപ്പോൾ കർഷകർ നേരിടുന്ന കനത്ത മഴയെയും നേരിടാൻ തയ്യാറെടുക്കുകയാണ് കർഷകർ. നാലു ദിവസമായി കനത്ത മഴയാണ് ഡൽഹിയിൽ പെയ്യുന്നത്. മഴ തുടരുന്നതോടെ പ്രക്ഷോഭ കേന്ദ്രങ്ങളുടെ വിപുലീകരണവും നടക്കുകയാണ്.
സിംഘു അതിർത്തികളിൽ ഒരുക്കിയ ടെന്റുകൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടി. കൂടാരങ്ങൾ മഴ നനയാതിരിക്കാൻ വലിയ മുളകളും പ്ലാസ്റ്റിക് പൈപ്പുകളും ഉയർത്തി താർപോളിൻ ഷീറ്റ് മുകളിൽ വിരിച്ചു. ദിവസവും കർഷകനേതാക്കൾക്ക് സമരം ചെയ്യുന്നവരെ അഭിസംബാധന ചെയ്യുന്നതിനായി മെഗാ ടെന്റ് ഒരുക്കാൻ തയാറെടുപ്പുകൾ നടക്കുന്നതായും കർഷകർ പറഞ്ഞു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കനത്ത മഴയായിരുന്നു ഡൽഹിയിൽ. നവംബർ 26 മുതൽ കർഷകർ താമസിച്ചിരുന്ന ടെന്റുകൾ മിക്കതും തകർന്നുവീണു. ചിലത് ചോർെന്നാലിക്കാനും തുടങ്ങി. ഇതോടെ മിക്ക ടെന്റുകളിലും പാത്രങ്ങളിലും വലിയ ടിന്നുകളിലും മഴവെള്ളം ശേഖരിക്കുകയായിരുന്നു കർഷകർ. ദൈനം ദിന ആവശ്യത്തിന് ഈ വെള്ളം ഉപയോഗപ്പെടുത്താനാണ് കർഷകരുടെ നീക്കം.
കൂടാരങ്ങളിൽ മിക്കതും പൊളിച്ച് വീണ്ടും പണിയേണ്ടിവന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് ഗുരുദ്വാരകളുടെ നേതൃത്വത്തിലായിരുന്നു നവീകരണം. താർപോളിൻ ഷീറ്റുകളിൽ ഭൂരിഭാഗവും ആളുകൾ സംഭാവനയായി നൽകുന്നവയാണ്.