മിലാന്: ലോക ഫുട്ബോൾ ഇതിഹാസം ബ്രസീലിന്റെ പെലെയുടെ മറ്റൊരു റെക്കോര്‍ഡ് മറികടന്ന് പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് നേട്ടത്തിലാണ് റൊണാള്‍ഡോ പെലെയെ പിന്തള്ളിയത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയേടെ റെക്കോർഡ് കഴിഞ്ഞ ദിവസം ലയണൽ മെസ്സി മറികടന്നതിന് പിന്നാലെയാണ് ക്രിസ്റ്റിയാനോയും മറ്റൊരു റെക്കോർഡ് മറികടന്നത്.
ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ഉദീനിസെയ്ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് പോര്‍ച്ചുഗല്‍ നായകന്റെ മുന്നേറ്റം. 757 ആണ് പെലെയുടെ ആകെ നേടിയ ഗോളുകൾ. ഈ റെക്കോര്‍ഡാണ് 758 ഗോളുകൾ നേടി റൊണാള്‍ഡോ തിരുത്തിക്കുറിച്ചത്. സ്കോര്‍ ചെയ്ത ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് നിലവില്‍ റൊണാള്‍ഡോ ഉള്ളത്.
സ്ലാവിയ പ്രാഗ് ഇതിഹാസം ജോസെഫ് ബിക്കന് മാത്രമാണ് നിലവില്‍ ഗോള്‍ വേട്ടയില്‍ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. 1931നും 1955നും ഇടയില്‍ കളിച്ച അദ്ദേഹം 530 കളികളില്‍ നിന്ന് 805 ഗോളുകളാണ് സ്വന്തമാക്കിയത്. ഈ നേട്ടം മറികടക്കാൻ ഇനി 48 ഗോളുകൾ കൂടി വേണം റൊണാൾഡോക്ക്. ഈ വർഷം ഈ റൊക്കോഡ് കൂടി റൊണാൾഡോ മറികടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.