കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന അവശനിലയില്‍. കിണറിനടുത്ത് കൃഷിയിടത്തിലാണ് ആനയെ അവശനിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണ ആനയെ ഏറെ മണിക്കൂറുകള്‍ക്ക് ശേഷം ശ്രമപ്പെട്ട് കിണറിനു പുറത്തെത്തിച്ച് കാട്ടിലേക്ക് വിട്ടെങ്കിലും ശാരീരിക അവശത മൂലം പോകാനായില്ല.
ആനയ്ക്ക് വെളളവും മരുന്നുമെത്തിച്ചു. നിര്‍ജലീകരണമാണ് വിനയായതെന്ന് വനംവകുപ്പ് പറഞ്ഞു. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. എന്നാല്‍ ആന സമീപ പ്രദേശത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ വീണത്. ഇവിടേക്ക് നാലുകിലോമീറ്ററുകളോളം നടന്നെത്തണമെന്നുളളതാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ വെല്ലുവിളിയായത്. കിണറിന് സമീപത്തേക്ക് മണ്ണുമാന്തി എത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം.
വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍ അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. ആനയെ രക്ഷിക്കാന്‍ നാട്ടുകാരും വനംവകുപ്പും എത്തി. മുൻപ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളൊഴിഞ്ഞു പോകുകയായിരുന്നു.