മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരുള്‍പ്പെടെ ടീം ഇന്ത്യയിലെ അഞ്ച് താരങ്ങള്‍ ഐസോലേഷനില്‍. ബയോ സെക്യുര്‍ ബബിള്‍ സംവിധാനം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതാണ് താരങ്ങള്‍ കോവിഡ് ചട്ട ലംഘനം നടത്തിയത്. ഹോട്ടലിന് പുറത്ത് ഋഷഭ് പന്ത് ആരാധകനെ കെട്ടിപ്പിടിച്ചെന്നും വാര്‍ത്തകളുണ്ട്.
നവദീപ് സെയ്നി, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ഐസലേഷനില്‍ പ്രവേശിച്ച മറ്റ് താരങ്ങള്‍.
ഓസ്ട്രേലിയന്‍, ഇന്ത്യന്‍ മെഡിക്കല്‍ ടീമുകളുടെ ഉപദേശപ്രകാരം മുന്‍കരുതലിന്റെ ഭാഗമായാണ് കളിക്കാരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചത്. ടീമിനൊപ്പം യാത്രചെയ്യാനും പരിശീലന വേദിയിലും ഇവര്‍ക്ക് വിലക്കുണ്ട്.
സിഡ്നിയില്‍ ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ടീം. ജനുവരി നാലിന് മാത്രമേ ടീം മെല്‍ബണില്‍ നിന്നും സിഡ്നിയിലേക്ക് തിരിക്കൂ.
താരങ്ങളെ ഇന്ത്യ-ഓസ്ട്രേലിയ ടീമുകളുടെ താമസ സ്ഥലത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. അതേസമയം പരിശീലനം തുടരുമെന്ന് ക്രിക്കറ്റ് ഓസ്മട്രലിയ വ്യക്തമാക്കി.