ന്യൂഡല്‍ഹി: രാജ്യത്ത് ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന ഉത്തരവിലാണ് ഭേദഗതി.
രാജ്യത്തുള്ള ടോള്‍ പ്ലാസകളില്‍ 75 മുതല്‍ 80 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്നുപോകുന്നത്. ഇത് 100 ശതമാനമാക്കി ഉയര്‍ത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
2017 ഡിസംബര്‍ ഒന്ന് മുതല്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനങ്ങളില്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ നിര്‍ദേശം അനുസരിച്ച് പഴയ വാഹനത്തില്‍ നല്‍കുന്നതിനൊപ്പം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്റ്റാഗ് വേണം. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയിരുന്നു.
ഇതിനൊപ്പം 2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് അനുവദിക്കുന്നതിന് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്റ്റാഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇന്‍ഷുറന്‍സ് ഫോമില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.