ദോഹ: ഫിഫ ക്ലബ് ലോകകപ്പിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം 2021 ഫെബ്രുവരിയിൽ പുറത്തിറക്കും. ഖത്തർ കലണ്ടർ പ്രകാരം ഔദ്യോഗിക ചിഹ്നത്തിന്റെ പ്രകാശനം ഫെബ്രുവരിയിലാണ് നടക്കുക. 2021 ഫെബ്രുവരി ഒന്നു മുതൽ 11 വരെയാണ് ഖത്തറിൽ ഫിഫ ക്ലബ് ലോകകപ്പ് നടക്കുന്നത്. മൽസര തീയതിയും വേദികളും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ്- 19 കാരണമാണ് 2020ലെ ഫിഫ ക്ലബ് ലോകകപ്പ് 2021ലേക്ക് മാറ്റിയത്. ആറ് ഭൂഖണ്ഡങ്ങളിൽനിന്നുള്ള ചാമ്പ്യൻ ടീമുകളും ആതിഥേയ ടീമുമാണ് പങ്കെടുക്കുന്നത്. ലോകകപ്പിനായി നിർമ്മാണം പൂർത്തിയായ മൂന്ന് സ്റ്റേഡിയങ്ങളും വേദിയാകും. ദേശീയ ദിനത്തിന് അമീർ ഉദ്ഘാടനം ചെയ്ത അൽ റയ്യാൻ (അഹ്മദ് ബിൻ അലി സ്റ്റേഡിയം), എജ്യുക്കേഷൻ സിറ്റി, ഖലീഫ രാജ്യാന്തര സ്റ്റേഡിയം എന്നിവയാണ് ക്ലബ് ലോകകപ്പിനായി വേദിയാകുന്ന സ്റ്റേഡിയങ്ങൾ.
ഖത്തരി ചാമ്പ്യന്മാരായ അൽ ദുഹൈൽ ക്ലബും ന്യൂസിലാൻഡിൽ നിന്നുള്ള ഓക്ലാൻഡ് സിറ്റിയും തമ്മിൽ മാറ്റുരക്കുന്ന ഉദ്ഘാടന മത്സരം 2021 ഫെബ്രുവരി 1ന് റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. പ്രാദേശിക സമയം വൈകിട്ട് 8.30നാണ് കിക്കോഫ്. ഫെബ്രുവരി 11ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. രാത്രി ഒമ്പതിനാണ് ഫൈനൽ മത്സരത്തിന് കിക്കോഫ് വിസിൽ.