ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ ഡൽഹി മെട്രോയുടെ മജന്ത ലൈനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മെട്രോയുടെ വിമാനത്താവള അതിവേഗപാതയിലെ നാഷണൽ കോമൺ മൊബിലിറ്റി കാർഡിന്റെ (എൻ.സി.എം.സി) ഉദ്ഘാടനവും വിഡിയോ കോൺഫറൻസിങ്ങിലൂടെ അദ്ദേഹം നിർവഹിച്ചു.
ജനക്പുരി വെസ്റ്റ് മുതൽ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള 37 കിലോമീറ്റർ മെട്രോ പാതയിലാണ് ഡ്രൈവറില്ലാ ട്രെയിൻ സർവിസ് ആരംഭിച്ചത്. സ്മാർട്ട് സംവിധാനങ്ങളിലേക്ക് എത്ര വേഗമാണ് ഇന്ത്യ കുതിക്കുന്നതെന്നതിന്റെ ഉദാഹരണമാണ് രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിൻ സർവിസിന്റെ ഉദ്ഘാടനം തെളിയിക്കുന്നതെന്ന് വെർച്വൽ ഫ്ലാഗ്ഓഫിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തെ ആദ്യ മെട്രോ തുടങ്ങിയത് അടൽജിയുടെ ശ്രമഫലമായാണ്. 2014ൽ ഞങ്ങൾ സർക്കാർ രൂപവത്കരിക്കുേമ്പാൾ അഞ്ച് നഗരങ്ങളിൽ മാത്രമേ മെട്രോ സർവിസ് ഉണ്ടായിരുന്നുള്ളു. ഇന്ന് 18 നഗരങ്ങളിൽ മെട്രോ റെയിൽ സർവിസ് ഉണ്ട്. 2025 ആകുമ്പോഴേക്കും ഇത് 25 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും’ -മോദി പറഞ്ഞു.
മജന്ത ലൈനിൽ ഡ്രൈവറില്ലാ ട്രെയിൻ ഓടിത്തുടങ്ങിയതോടെ ലോകത്തെ ഇത്തരം ശൃംഖലയുടെ ഏഴുശതമാനം ഡി.എം.ആർ.സി.യുടേതായി. ഡി.എം.ആർ.സിയുടെ മൂന്ന് കമാൻഡ് സെന്ററുകളിൽനിന്നാണ് ഡ്രൈവറില്ലാ ട്രെയിനുകളുടെ പൂർണ നിയന്ത്രണം. ആറുമാസത്തിനകം ഡൽഹി മെട്രോയുടെ മജ്ലിസ്പാർക്ക് മുതൽ ശിവ് വിഹാർ വരെ 57 കിലോമീറ്റർ വരുന്ന പിങ്ക് പാതയിലെ ട്രെയിനുകളും ഡ്രൈവറില്ലാതെ ഓടിത്തുടങ്ങും.