ന്യൂഡല്‍ഹി: കർഷകസമരവേദിയായ ഡല്‍ഹി തിക്രി അതിർത്തിയിൽ വീണ്ടും ആത്മഹത്യ. കർഷകനും അഭിഭാഷകനുമായ അഡ്വ. അമർജിത് സിംഗാണ് തിക്രി അതിർത്തിയിൽ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ അമര്‍ജീത്തിനെ റോഹ്തക്കിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കർഷകപ്രക്ഷോഭത്തിൽ മനംനൊന്താണ് അമർജിത് സിംഗ് ആത്മഹത്യ ചെയ്തതെന്ന് കർഷകസംഘടനകൾ പറയുന്നു. കര്‍ഷക പ്രക്ഷോഭം ആരംഭിച്ചശേഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്തെഴുതിയ ശേഷമാണു ജീവനൊടുക്കിയത്. “സ്വേച്ഛാധിപതി മോദിക്ക്’ എന്നാണു കത്തില്‍ അഭിസംബോധന ചെയ്യുന്നത്. ഡിസംബര്‍ 18-ന് ടൈപ്പ് ചെയ്ത കത്തില്‍ കര്‍ഷകര്‍ക്കായി ജീവിതം ത്യജിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
ജനങ്ങള്‍ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. കര്‍ഷകനായ അമര്‍ജീത്ത് ജലാലാബാദ് ബാര്‍ അസോസിയേഷന് ഭാരവാഹി കൂടിയാണ്. ദിവസങ്ങള്‍ക്കുമുമ്ബാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഇദ്ദേഹം തിക്രി അതിര്‍ത്തിയിലെ സമരസ്ഥലത്ത് എത്തിയത്.
കര്‍ഷകരോട് കേന്ദ്ര സര്‍ക്കാര്‍ നീതികാണിക്കുന്നില്ലെന്നാരോപിച്ച് ഹരിയാന ഗുരുദ്വാരയിലെ പുരോഹിതനായിരുന്ന ബാബാ രാം സിംഗിന്റേതായിരുന്നു പ്രക്ഷോഭം തുടങ്ങിയശേഷമുളള ആദ്യ ആത്മഹത്യ.സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ 22കാരനായ പഞ്ചാബിലെ കര്ഷകന് ഗുര്‍ലഭ് സിംഗായിരുന്നു രണ്ടാമത് ആത്മഹത്യ ചെയ്തത്.