ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കര്‍ഷകര്‍ക്കെതിരായവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ഷാജഹാന്‍പുര്‍-ഖേദ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന് ബെനിവാല്‍ പറഞ്ഞു. രാജസ്ഥാനിലെ നഗൗറില്‍ നിന്നുളള എംപിയാണ് ഹനുമാന് ബെനിവാള്‍.
നിയമങ്ങൾ കർഷക വിരുദ്ധമാണ്. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്നും ബെനിവാൾ പറഞ്ഞു.
2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് ബെനിവാള്‍ രൂപം നല്‍കുന്നത്. 2019-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാജസ്ഥാനിൽ 3 എം എൽ എമാരും ലോക്സഭയിൽ ഒരു എംപിയുമാണ് പാർട്ടിക്ക് ഉള്ളത്.
കാർഷിക ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് എൻഡിഎ വിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയാണ് ആർഎൽപി. നേരത്തെ അകാലിദളും എൻഡിഎ വിട്ടിരുന്നു.
ഇതിനിടെ, പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി പഞ്ചാബില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗം ഹരീന്ദര്‍ സിങ് ഖല്‍സ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു.