ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാലോകം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിൻ്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിംഗിനിടവേളയിൽ അദ്ദേഹം സുഹൃത്തകൾക്കൊപ്പം ജലാശയത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീണു പോയെന്നാണ് വിവരം.
അനിലിന് ഫേസ്ബുക്കിലൂടെ മോഹൻലാലും മമ്മൂട്ടിയും ആദരാഞ്ജലി അർപ്പിച്ചു.
‘ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ’, എന്നാണ് പൃഥ്വി കുറിച്ചത്. പൃഥ്വിരാജും ബിജു മേനോനും പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ് അനിലിന്റേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രത്തിലെ സിഐ സതീഷ് കുമാര്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. സച്ചിയായിരുന്നു ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.
അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിനെ കുറിച്ചുള്ള ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് നടൻ ടിനി ടോം. പാപം ചെയ്യാത്തവർ കല്ലെറിയെട്ടെ എന്ന ചിത്രത്തിലാണ് ടിനി ടോം അവസാനമായി അനിലിനൊപ്പം അഭിനയിക്കുന്നത്.
‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നതായിരുന്നു അനിൽ അവസാനമായി ചെയ്ത ചിത്രം. അതിലെ അദ്ദേഹത്തിന്റെ വില്ലൻ വേഷം അറുപതുകളിലെ വില്ലനിസത്തിന്റെ തിരിച്ചുവരവായാണ് തോന്നിയത്. അനിൽ എന്ന നടന്റെ കപ്പാസിറ്റി പുറത്തുവരുന്ന കഥാപാത്രമായിരുന്നു അത്. അതിന് ശേഷമാണ് അയ്യപ്പനും കോശിയും എന്ന ചിത്രം വരുന്നത്. കൊവിഡ് വന്നതോടെ പല ചിത്രങ്ങളും പാതിവഴിയിലാണ്. എന്നാൽ ആ തിരക്കഥകളിലൊക്കെ അദ്ദേഹത്തിന് നല്ല വേഷമുണ്ട്. എന്റെ തന്നെ പരിചയത്തിലെ പല സംവിധായകരും അവരുടെ ചിത്രങ്ങളിലെ കഥാപാത്രമായി അനിലിനെ മനസിൽ കണ്ടുകഴിഞ്ഞിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ വിയോഗം’ – ടിനി ടോം പറയുന്നു.
അനിലിനെ പോലൊരു നടന്റെ മരണം സിനിമാ ലോകത്തിനൊരു നഷ്ടമാണെന്ന് സംവിധായകൻ മധുപാൽ പ്രതികരിച്ചു. ഒരുപാട് സാധ്യതകളുള്ള ഒരു നടനാണ് വിടവാങ്ങിയതെന്ന് സംവിധായകൻ മധുപാൽ കൂട്ടിച്ചേർത്തു.
നടനെന്ന നിലയിൽ അനിലിന്റെ ശരിയായ മുഖം ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളുവെന്ന് സംവിധായകൻ രഞ്ജിത്തും പ്രതികരിച്ചു.
അനില്‍ പി നെടുമങ്ങാടിന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടന് ബിജു മേനോന് ഫേസ്ബുക്കില്‍ കുറിച്ചു.
”അനില്‍ …ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ..?” അനിലിന്റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബിജു മേനോന് ഫേസ്ബുക്കില്‍ കുറിച്ചു.