പനാജി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഈസ്റ്റ് ബംഗാളിനെതിരേ സമനില. 13-ാം മിനിറ്റില്‍ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
ആദ്യ പകുതിയില്‍ പിറന്ന ഒരു സെല്‍ഫ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
13-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളിലാണ് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയത്. ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്.
രണ്ടാം പകുതിയില്‍ സഹല്‍, മുറേ, ജീക്സണ് എന്നിവരെ കളത്തില്‍ ഇറക്കി കിബു വികൂന കളി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു. സഹല്‍, മുറേ എന്നിവര്‍ രണ്ടാം പകുതിയില്‍ മികച്ചു നിന്നു.
62-ാം മിനിറ്റില്‍ റഫീഖിന്റെ ഗോളെന്നുറച്ച ഷോട്ട് ആല്‍ബിനോ രക്ഷപ്പെടുത്തി. 71-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം മറെ നഷ്ടപ്പെടുത്തുകയും ചെയ്തു. താരത്തിന്റെ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി ദേബ്ജിത്ത് അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.
പിന്നീട് 87-ാം മിനിറ്റില്‍ മഗോമയുടെ ഗോളെന്നുറച്ച ഷോട്ടും കിടിലന്‍ ഡൈവിലൂടെ ആല്‍ബിനോ രക്ഷപ്പെടുത്തി.
പരാജയം ഉറപ്പിച്ചു എന്ന് തോന്നിച്ച 95-ാം മിനിറ്റില്‍ ആയിരുന്നു സഹല്‍ രക്ഷകനായി എത്തിയത്. സഹലിന്റെ ഒരു മനോഹര പാസില്‍നിന്ന് ജീക്സണ് പന്ത് വലയില്‍ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില നല്കി.