തിരുവനന്തപുരം: എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി.എന്‍. രവീന്ദ്രനാഥ്. കുട്ടികള്‍ക്ക് ഒരു പ്രശ്നവും ഇല്ലാത്ത രീതിയില്‍ മാത്രമേ പരീക്ഷ നടത്തു. ഇപ്പോള്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് സാഹചര്യവും, പഠഭാഗങ്ങളുടെ പൂര്‍ത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക. ഓരോ പ്രശ്നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്കുശേഷവും രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകള്‍ രാവിലെയും നടത്തും. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഒാഫ് ടൈം (സമാശ്വാസ സമയം) 15 മിനിറ്റില്‍നിന്ന് അഞ്ചോ പത്തോ മിനിറ്റ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും.
എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയില്‍ ഉൗന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെയും എസ്.സി.ഇ.ആര്.ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത പാഠഭാഗങ്ങള്‍ മാത്രം പഠിച്ച് പരീക്ഷയെഴുതാനാകുന്ന രീതിയിലായിരിക്കും ക്രമീകരണം കൊണ്ടുവരിക.
പ്രയാസമുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ക്രമീകരണം കൊണ്ടുവരാന്‍ എസ്.സി.ഇ.ആര്.ടിക്ക് നിര്‍ദേശം നല്‍കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.എസ്.എല്‍.സി പരീക്ഷ ടൈംടേബിളിനുംഅംഗീകാരം നല്കി.
എസ്.എസ്.എല്‍.സി പരീക്ഷ ടൈംടേബിള്‍:
മാര്‍ച്ച് 17 ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്
18 -രണ്ടാം ഭാഷ ഇംഗ്ലീഷ്
19 -മൂന്നാം ഭാഷ ഹിന്ദി
22 -സോഷ്യല്‍ സയന്‍സ്
23 -ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
24 -ഫിസിക്സ്
25 -കെമിസ്ട്രി
29 -മാത്സ്
30 -ബയോളജി