ഹൈദരാബാദ് : ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗവര്‍ണര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹൈദരാബാദ്- വിജയവാഡ ഹൈവേയില്‍ വെച്ചായിരുന്നു അപകടം.
തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗട്ടുപ്പാലില്‍ വെച്ചായിരുന്നു സംഭവം. നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു ഗവര്‍ണര്‍.
ദേശീയപാതയില്‍ വെച്ച് പൊടുന്നനെ, വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും, സമീപത്തെ ചെമ്മണ് പാതയിലൂടെ കുതിച്ച കാര്‍ കുറ്റിക്കാട്ടില്ലേക്ക് അടിച്ചു കയറി നില്‍ക്കുകയുമായിരുന്നു.
വാഹനത്തിന്റെ സ്റ്റിയറിങ് വീല്‍ പെട്ടെന്ന് നിശ്ചലമാകുകയും ഇതേത്തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആര്‍ക്കും പരിക്കില്ലെന്നും, സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായും ഡിസിപി കെ നാരായണ റെഡ്ഡി അറിയിച്ചു.