അഹമ്മദാബാദ് : കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. മരണ കാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ രോഗമാണിത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്നതാണ് ഈ ഫംഗസ് ബാധയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കോവിഡ് ബാധിതരായ അഞ്ച് രോഗികളിലാണ് അപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്ജന് പാര്‍ഥ് റാണ പറഞ്ഞു. ഇവരില്‍ രണ്ടു പേര് മരിച്ചു. രണ്ടു പേര് രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി. രോഗം ബാധിച്ചവരില്‍ നാലു പേര് 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണെന്നും ഡോക്ടര്‍ റാണ പറഞ്ഞു.
നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
19 ആളുകളിലാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മ്യുകോര്‍മികോസിസ് രോഗം കണ്ടെത്തിയെന്ന് ഡോ. അതുല്‍ പട്ടേല്‍ അറിയിച്ചു. പ്രമേഹ രോഗികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നവരിലുമാണ് ഫംഗസ് ബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.