പുതിയ പാര്‍ലമെന്റ് മന്ദിരത്തിൻറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെതിരെ സുപ്രീം കോടതി. പദ്ധതിക്ക് എതിരായ ഹര്‍ജികളില്‍ അന്തിമ വിധി വരുന്നത് വരെ പുതുതായി നിര്‍മാണം നടത്തുകയോ, കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ മുറിച്ചുമാറ്റുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ മാത്രമാണ് ഇപ്പോള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. നിര്‍മാണം സംബന്ധിച്ച് വ്യക്തത വരുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പുതുതായി നിര്‍മാണം നടത്തുകയോ, കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തുകയും ചെയ്തു. പാര്‍മെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനെതിരെയുളള നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം 971 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന 64,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പുതിയ മന്ദിരവും അനുബന്ധ ഓഫിസ് സമുച്ചയവും 2022 ല്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പുതിയ മന്ദിരത്തില്‍ ലോക്സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും. നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കണക്കിലെടുത്താണിത്.