ന്യൂഡല്‍ഹി: രാജ്യത്ത് ആഴ്ച്ചകള്‍ക്കുള്ളില്‍ കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ വിതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന. നൂറിലധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമുള്ള സംവിധാനങ്ങളാണ് വ്യോമസേന സജ്ജമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വിതരണത്തിനുള്ള പദ്ധതി തയാറാക്കുന്നതിനിടെയാണിത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിന് എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏല്പ്പിയ്ക്കുക എന്നാണ് വിവരം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ വ്യോമസേന പൂര്‍ത്തിയാക്കി. സി 17 ഗ്ലോബ്മാസ്റ്റര്, സി 130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐ.എല്‍ 76 എന്നീ വമ്പന്‍ ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ചാവും വാക്സിന് നിര്‍മാണ കമ്പനികളില്‍ നിന്ന് വാക്സിന് ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെനിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്സിന് എത്തിക്കാന്‍ എ.എന്‍ 32, ഡോണിയര്‍ വിമാനങ്ങള്‍ ഉപയോഗിക്കും. എ.എല്‍എച്ച്, ചീറ്റ, ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്സിന് എത്തിക്കുക.