ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. സീസണിലെ ആദ്യ ജയം തേടി എഫ്സി ഗോവയെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റു.
ഏഴാം സീസണില്‍ ഗോവയുടെ ആദ്യ ജയം കൂടിയാണിത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് കയറി.
മത്സരത്തിന്റെ ഇരുപകുതികളിലുമായി ഇഗോർ അംഗുലോ (30, 90+4), ജോർജെ ഓർട്ടിസ് (52), എന്നിവരാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ 90–ാം മിനിറ്റിൽ വിൻസന്റെ ഗോമസ് നേടി. പ്രതിരോധത്തിലെ കരുത്തൻ കോസ്റ്റ നമോയിനെസു ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനാൽ 10 പേരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഗോവ മികച്ച അവസരങ്ങള്‍ പലതും സൃഷ്ടിച്ചു. 10-ാം മിനിറ്റില്‍ തന്നെ ഗോവന്‍ താരം ജോര്‍ജ് മെന്‍ഡോസയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങിയത് കേരളത്തിന് ആശ്വാസമായി. 15-ാം മിനിറ്റില്‍ രാഹുല്‍ നല്കിയ പാസ് മുതലാക്കാന്‍ ഫക്കുണ്ടോ പെരെയ്രക്ക് സാധിക്കാതെ പോയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
17-ാം മിനിറ്റില്‍ രോഹിത് കുമാറിന്റെ ഒരു മിസ്പാസ് കേരളത്തിന് ഭീഷണിയാകേണ്ടതായിരുന്നു. എന്നാല്‍ പന്ത് ലഭിച്ച അംഗുളോയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
ഇതിനിടെ 30-ാം മിനിറ്റില്‍ സേവിയര്‍ ഗാമയുടെ പാസില്‍ നിന്ന് ഇഗോര്‍ അംഗുളോ ഗോവയുടെ ആദ്യ ഗോള്‍ നേടി. ഗാമയുടെ ലോങ് പാസ് സ്വീകരിച്ച അംഗുളോ പന്ത് പിടിക്കാനെത്തിയ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ആന്‍ബിനോ ഗോമസിനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
പിന്നീട് 52-ാം മിനിറ്റില്‍ ജോര്‍ജ് മെന്‍ഡോസയാണ് ഗോവയുടെ രണ്ടാം ഗോള്‍ നേടിയത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു മെന്‍ഡോസയുടെ ഗോള്‍. 90-ാം മിനിറ്റില്‍ നിഷു കുമാറിന്റെ ക്രോസില്‍ തലവെച്ച വിസന്റെ ഗോമസ് ബ്ലാസ്റ്റേഴ്സിന് സമനില പ്രതീക്ഷയെങ്കിലും നല്‍കിയതാണ്. പക്ഷേ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലെ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ ഒരു ബ്ലണ്ടര്‍ കേരളത്തിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്തു. അംഗുളോ വലത് വശത്തുള്ളത് ശ്രദ്ധിക്കാതെ പന്ത് പിടിച്ച് നിലത്തിട്ട് ഷോട്ടിന് ശ്രമിച്ച ആല്‍ബിനോയില്‍ നിന്നും പന്ത് റാഞ്ചിയ അംഗുളോ ഗോവയുടെ ഗോള്‍ പട്ടിക തികച്ചു.
സീസണിലെ രണ്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. പിന്നിലുള്ളത് ഒരു പോയിന്റുള്ള ഒഡീഷ എഫ്സി അക്കൗണ്ട് തുറക്കാത്ത ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾ മാത്രം. സീസണിലെ ആദ്യ ജയം നേടിയ എഫ്സി ഗോവ, അഞ്ചാം സ്ഥാനത്തേക്ക് കയറി.