ന്യൂസ്
ന്യൂഡല്‍ഹി: പ്രമുഖ മസാല കമ്പനിയായ എംഡിഎച്ചിൻെറ (മഹാശിയ ദി ഹട്ടി) ഉടമ ധരംപാല്‍ ഗുലാട്ടി അന്തരിച്ചു. 98 വയസ്സായിരുന്നു. ഡല്‍ഹിയിലെ മാത ചനാന്‍ ദേവി ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു. 2019ല്‍ പത്മഭൂഷന്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അടുപ്പമുള്ളവർ മഹാശയ്, ദാദാജി എന്നിങ്ങനെ വിളിച്ചിരുന്ന അദ്ദേഹം 1923ല്‍ പാകിസ്താനിലെ സിയാല്‍കോട്ടിലാണ് ജനിച്ചത്. സിയാൽകോട്ടിൽ പിതാവ് നടത്തിയിരുന്ന മസാല വ്യാപാരത്തില്‍ സഹായിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്. വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ മസാലക്കട തുടങ്ങി.
ഈ കടയില്‍ നിന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന മസാല ബ്രാന്‍ഡായി വളരാൻ എംഡിഎച്ചിനായി. ആയിരം കോടിക്കു മുകളിലായിരുന്നു എംഡിഎച്ചിൻെറ വാര്‍ഷിക വരുമാനം. ദുബൈയിലും ലണ്ടനിലും ഓഫിസുകളുള്ള എംഡിഎച്ച് നൂറോളം രാജ്യങ്ങളിലേക്ക് ഉല്പന്നങ്ങള് കയറ്റുമതിയും ചെയ്യുന്നുണ്ട്.