കാന്‍ബെറ: മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 13 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 49.3 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി.
ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ ആശ്വാസ ജയം നേടിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍ മൂന്നുവിക്കറ്റും ജസ്പ്രീത് ബുംറ, അരങ്ങേറ്റ മല്‍സരം കളിച്ച തങ്കരസു നടരാജന് എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്ത്തി.
152 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ – രവീന്ദ്ര ജഡേജ സെഞ്ചുറി കൂട്ടുകെട്ടാണ് 300 റണ്‍സ് കടത്തിയത്. പാണ്ഡ്യ 92 റണ്‍സും ജഡേജ 66 റണ്‍സുമെടുത്തു. 33 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഗ്ലെന്‍ മാക്സ്്വെല്‍ പൊരുതിയെങ്കിലും 45-ാം ഓവറില്‍ ബുംറ മാക്സ്്വെല്ലിനെ പുറത്താക്കിയത് നിര്‍ണായകമായി. ആരണ് ഫിഞ്ച് 75 റണ്‍സെടുത്തു. ഏകദിന പരമ്പര 2–1ന് ഓസ്ട്രേലിയ സ്വന്തമാക്കി.
303 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്കോര്‍ 25-ല്‍ എത്തിയപ്പോള്‍ മാര്‍നസ് ലബുഷെയ്നിന്റെ (7) വിക്കറ്റ് നഷ്ടമായി. ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ടി. നടരാജനാണ് താരത്തെ പുറത്താക്കിയത്. വൈകാതെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ സെഞ്ചുറി വീരന് സ്റ്റീവ് സ്മിത്തിനെ (7) മടക്കി ഷാര്‍ദുല്‍ താക്കൂര്‍ ഓസീസിനെ പ്രതിരോധത്തിലാക്കി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ മോയസ് ഹെന്റിക്വസിനെ കൂട്ടുപിടിച്ച് 61 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആരോണ്‍ ഫിഞ്ച് ഓസീസിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 31 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഹെന്റിക്വസിനെ പുറത്താക്കി താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ അര്‍ധ സെഞ്ചുറി നേടിയ ഫിഞ്ചിനെ ജഡേജ ധവാന്റെ കൈകളിലെത്തിച്ചു. 82 പന്തുകള്‍ നേരിട്ട് മൂന്നു സിക്സും ഏഴു ഫോറുമടക്കം 75 റണ്‍സെടുത്താണ് ഫിഞ്ച് മടങ്ങിയത്. കാമറൂണ്‍ ഗ്രീന്‍ 21 റണ്‍സെടുത്തു.
ആറാം വിക്കറ്റില്‍ ഒന്നിച്ച ഗ്ലെന്‍ മാക്സ്വെല് – അലക്സ് കാരി സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മത്സരം സ്വന്തമാക്കുമെന്ന തോന്നലുണര്‍ത്തി. എന്നാല്‍ 38-ാം ഓവറില്‍ കാരി റണ്ണൗട്ടായി മടങ്ങിയതോടെ ഓസീസ് വീണ്ടും പ്രതിരോധത്തിലായി. 42 പന്തില്‍ നിന്ന് 38 റണ്‍സായിരുന്നു കാരിയുടെ സമ്പാദ്യം.
തകര്‍ത്തടിച്ച മാക്സ്വെല്ലാകട്ടെ അര്‍ധ സെഞ്ചുറിയും പിന്നിട്ട് കുതിച്ചു. ഒടുവില്‍ 45-ാം ഓവറില്‍ താരത്തെ വീഴ്ത്തി ബുംറ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 38 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 59 റണ്‍സാണ് മാക്സ്വെല് അടിച്ചുകൂട്ടിയത്. ഏഴാം വിക്കറ്റില്‍ ആഷ്ടണ്‍ ആഗര്ക്കൊപ്പം 58 റണ്‍സ് ചേര്‍ത്ത ശേഷമാണ് മാക്സ്വെല് പുറത്തായത്.
28 പന്തുകള്‍ നേരിട്ട ആഗര്‍ രണ്ടു ബൗണ്ടറികള്‍ സഹിതം 28 റണ്‍സെടുത്തു.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ മികച്ച സ്കോറിലേക്കെത്തിയത്. ഇന്ത്യൻ നിരയിൽ ഹാർദിക് പാണ്ഡ്യ 76 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 92 റൺസുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജ 50 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 66 റൺസോടെയും പുറത്താകാതെ നിന്നു. പരമ്പരയിലെ രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോലി 78 പന്തിൽ 63 റൺസെടുത്തു. പരമ്പരയിലാദ്യമായി അവസരം ലഭിച്ച യുവതാരം ശുഭ്മാൻ ഗിൽ 39 പന്തിൽ 33 റൺസെടുത്തു. ഓപ്പണർ മായങ്ക് അഗർവാളിനു പകരമാണ് ഗില്ലിന് അവസരം നൽകിയത്. ഓപ്പണറായെത്തിയ ഗിൽ മൂന്നു ഫോറും ഒരു സിക്സും സഹിതമാണ് 33 റൺസെടുത്തത്. ശിഖർ ധവാൻ (27 പന്തിൽ 16), ശ്രേയസ് അയ്യർ (21 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.