അഹമ്മദാബാദ്: കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപി അഭയ് ഭരദ്വജ് (66) അന്തരിച്ചു. ചെന്നൈയില്‍ എംജിഎം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധിതനായി കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലായിരുന്നു അഭയ് ഭരദ്വജ്.
പ്രമുഖ അഭിഭാഷകനായിരുന്ന അഭയ് ഭരദ്വജ് ഈ വര്‍ഷം ജൂണിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഓഗസ്റ്റില്‍ പാര്‍ട്ടി യോഗങ്ങളിലും രാജ്കോട്ടിലെ റോഡ്ഷോയിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 31 ന് അഭയ് ഭരദ്വജിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. അന്നുമുതല്‍ ഭരദ്വജ് കോവിഡ് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേ തുടര്‍ന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.