കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയേസസ്. ലോകാരോഗ്യ സംഘടനയുടെ നിലപാട് വ്യക്തമാണെന്ന് നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വൈറസിന്റെ ഉത്ഭവം അറിയണം. കാരണം ഭാവിയിൽ വീണ്ടും ഇത് പൊട്ടിപുറപ്പെടുന്നത് തടയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബറിന് ശേഷം ആഗോളതലത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വ്യാഴാഴ്ച ആദ്യമായി ഇടിവ് രേഖപ്പെടുത്തിയതായി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാലത്ത് നടപ്പാക്കിയ ബുദ്ധിമുട്ടേറിയ നിയന്ത്രണങ്ങളുടെ ഫലമായി യൂറോപ്പിലെ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിലും സംസ്കാരങ്ങളിലും അവധിക്കാലം വരാറായി. ഉത്സവ കാലങ്ങളിൽ ഇഷ്ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച് ജീവിക്കാൻ എല്ലാവരും ആഗ്രഹിക്കും. എന്നാൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നിൽക്കുമ്പോൾ അവരെയും നിങ്ങളെയും അപകടത്തിലാക്കാൻ പാടില്ല’ -അദാനോം വ്യക്തമാക്കി.