ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചരണത്തോടെ രാജ്യശ്രദ്ധ നേടിയ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ 74.67 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150 ഡിവിഷനുകളിലായി 1122 സ്ഥാനാർഥികളാണ് മത്സര രംഗത്തിറങ്ങുന്നത്. നാലു ജില്ലകളിലായാണ് ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ.
തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്വാദങ്ങൾ വലിയ ചർച്ചയായിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി.ജെ.പി രംഗത്തിറക്കിയത് കേന്ദ്രമന്ത്രി അമിത് ഷാ, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ് തുടങ്ങിയവരെയായിരുന്നു.
റോഡുകൾ, ജല വിതരണം, തെരുവുവിളക്ക്, ഡ്രെയിനേജ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ചർച്ചയായതിനൊപ്പം ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നു മാറ്റുന്നതുവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ചർച്ചയായി.
9101 പോളിങ് സ്റ്റേഷനുകളിലായാണ് തെരഞ്ഞെടുപ്പ്. എല്ലാ പോളിങ് സ്റ്റേഷനുകളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 50,000ത്തോളം പൊലീസുകാരെ പണം, മദ്യം തുടങ്ങിയവ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന് വിന്യസിച്ചിട്ടുണ്ട്.