തമിഴ്നാട് :നിവാര്‍ ചുഴലിക്കാറ്റിന്റെ ഭീതി വിട്ടുമാറുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . ‘ബുര്‍വി’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് പുതിയ നിഗമനം.
പുതിയ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . കഴിഞ്ഞ ദിവസം വീശിയടിച്ച നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിവിധപ്രദേശങ്ങളില്‍ ഇപ്പോഴും കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്.
മുന്‍ കരുതലുകളുടെ മികവില്‍ നിവാറില്‍ ആളപായം കുറയ്ക്കാന്‍ കഴിഞ്ഞത് ആശ്വാസമായി. തീരപ്രദേശങ്ങളില്‍ വ്യാപകനാശം വിതച്ച ചുഴലിക്കാറ്റില്‍ മൂന്നുപേരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിവാറിനെ തുടര്‍ന്ന് ഇന്ന് ആന്ധ്രാപ്രദേശില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് .