ബംഗളൂരു: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ റോഷന് ബേഗിനെ സിബിഐ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തു. 4,000 കോടിയുടെ ഐ-മോണിറ്ററി അഡ്വൈസറി (ഐഎംഎ) പോന്‍സി അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
നേരത്തെ റോഷന് ബേഗിനെ കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു. ഇന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച റോഷന് ബേഗിനെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിനു ശേഷം സിബിഐ ശിവാജിനഗര്‍ മുന്‍ എംഎല്‍എയെ ബംഗളൂരു പ്രത്യേക കോടതിയില്‍ ഹാജരാക്കി. കോടതി ബേഗിനെ 14 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
നാലായിരം കോടിയുടെ ഐ.എം.എ. തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പോലീസുകാരെയും പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം നേരത്തെ സി.ബി.ഐ. സമര്‍പ്പിച്ചിരുന്നു. കര്‍ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എം.എയും സഹ കമ്പനികളും ചേര്‍ന്ന് വന്‍ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് കേസ്.
തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് മന്‍സൂര്‍ ഖാനെ രാജ്യം വിടാന്‍ സഹായിച്ചു എന്നാണ് ബൈഗിന്റെ പേരിലുള്ള കുറ്റം. നേരത്തെ കോണ്‍ഗ്രസില്‍ വിമതനീക്കം നടത്തിയതിനു പിന്നാലെ ബൈഗ് അയോഗ്യനാക്കപ്പെട്ടിരുന്നു.