ഡ്രഡ്ജര്‍ അഴിമതി കേസിന്റെ അന്വേഷണം നീളുന്നതില്‍ സുപ്രീം കോടതിക്ക് കടുത്ത അതൃപ്ത. മുന്‍ ഡി.ജി.പി. ജേക്കബ് തോമസിന് എതിരായ കേസാണിത്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ എത്ര തവണ സമയം നല്‍കിയെന്ന് കോടതി ചോദിച്ചു. കേസിലെ നിര്‍ണായകമായ രേഖ കണ്ടെത്താന്‍ സമയം നീട്ടി നല്‍കണമെന്നായിരുന്നു കഴിഞ്ഞ രണ്ടു തവണയും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ 18നകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് കോടതി.
റിപ്പോര്‍ട്ട് രഹസ്യരേഖയായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അടുത്ത മാസം 26ന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. ഏറെ നാളുകളായി പോലീസ് അന്വേഷണം നടത്തുകയാണെന്നും ഒന്നും കണ്ടത്താനായില്ലെന്നും ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എ. കാര്‍ത്തിക് കോടതിയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവലും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഹര്‍ഷദ് വി. ഹമീദും ഹാജരായി. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കേസിലെ നിര്‍ണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണ് അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. മുദ്രവച്ച കവറില്‍ കൈമാറിയ ഈ റിപ്പോര്‍ട്ട് തുറന്ന് നോക്കിയ ശേഷമാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചത്.
ഡ്രഡ്ജര്‍ ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ വ്യാജമായി ചമച്ചതാണെന്ന ആരോപണമുണ്ടെന്ന് കേരളം നേരത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പാക്കാന്‍ ആ രേഖ കണ്ടത്തേണ്ടതുണ്ട്. ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍പ്പോലും അത് കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.