മഡ്ഗാവ്: ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. പെനാല്‍ട്ടിയിലൂടെ ക്വേസി അപിയയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്.
അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളില്‍ പെനാല്‍റ്റി വഴങ്ങിയതാണ് തിരിച്ചടിയായത്.
മൈതാന മധ്യത്ത് ഖാസാ കമാരയെ അപകടകരമായി ടാക്കിള്‍ ചെയ്തതിന് 43-ാം മിനുറ്റില്‍ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മുംബൈ സിറ്റി കളിച്ചത്.
മികച്ച കളി പുറത്തെടുത്തിട്ടും മുംബൈയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാനായില്ല. കളിയുടെ ഭൂരിഭാഗം സമയം പന്ത് കൈവശം വെച്ചിട്ടും മുംബൈയ്ക്ക് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം പൊളിക്കാനായില്ല. നോര്‍ത്ത് ഈസ്റ്റ് ബോക്സില്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടിട്ടും മുംബൈ മുന്നേറ്റനിരയ്ക്ക് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. നോര്‍ത്ത ഈസ്റ്റിന്റെ ഖാസ കമാറ് ഇന്നത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
രണ്ടാംപകുതിയിലുടെ ആദ്യ മിനുറ്റുകളില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം മാറ്റിമറിക്കുകയായിരുന്നു. മക്കാഡോയുടെ ക്രോസില്‍ ഫോക്സിന്റെ ഹെഡര്‍ ബോര്‍ജസ് കൈകൊണ്ട് തട്ടിയതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഘാന താരം ക്വസി അപിയ അനായാസം പന്ത് വലയിലാക്കി. സമനില ഗോളിനായി മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മിനുറ്റ് ഇഞ്ചുറിടൈമും ഗുണം ചെയ്തില്ല. ആകെ ഏഴ് ഷോട്ട് ഉതിര്‍ത്തിട്ടും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് പായിക്കാന്‍ മുംബൈക്കായില്ല.
കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കെതിരെ ഒരു വിജയം പോലും നേടാത്ത നോര്‍ത്ത് ഈസ്റ്റിന് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ് ഇന്നത്തെ വിജയം. നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തു.