ടോം ആന്‍ഡ് ജെറി’ ട്രെയിലര്‍ കാണാം..

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ടോമും ജെറിയും വെള്ളിത്തിരയിലേയ്ക്ക്. ലൈവ് ആക്ഷന്‍-ആനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ട്രെയിലര്‍ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് പുറത്തുവിട്ടു. ന്യൂയോര്‍ക്ക് നഗരത്തിലെ ആഡംബര ഹോട്ടലാണ് ടോം ആന്റ് ജെറി കൂട്ടുകെട്ടിന് പശ്ചാത്തലമാകുന്നത്.

വീടൊക്കെ വിട്ട് ഇത്തവണ ഹോട്ടലില്‍ താമസമാക്കാനായിരുന്നു ജെറിയുടെ ലക്ഷ്യം. അതിനായി ആഡംബര ഹോട്ടല്‍ തന്നെ കണ്ടുപിടിക്കുന്നു. എലിശല്യം രൂക്ഷമായതോടെ ജെറിയെ തുരത്താനായി ടോമിനെ അവിടേക്ക് എത്തിക്കുകയാണ് ഇവന്റ് പ്ലാനറായ കയ്ല. ഇതാണ് സിനിമയുടെ പ്രമേയം. ക്ലോയി ഗ്രേസ്, മൈക്കല്‍ പെന, ഫോബ് ഡെലനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമ സംവിധാനം ചെയ്യുന്നത് ടിം സ്റ്റോറി ആണ്. രചന കെവിന്‍ കോസ്റ്റെല്ലോ.

2021 മാര്‍ച്ച് 5 നാണ് ചിത്രം റിലീസ് ചെയ്യുക. 29 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ടോം ആന്‍ഡ് ജെറി ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. 1992ല്‍ പുറത്തെത്തിയ ‘ടോം ആന്‍ഡ് ജെറി: ദി മൂവി’യാണ് ഇത്തരത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.