ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ് പതിമൂന്നാമത് ഐ.പി.എല്ലിന്റെ ഫൈനലിലെത്തി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സിനെ നേരിടും.
67 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. സമദ് 33 റൺസ് നേടി. ഡൽഹിക്കായി റബാഡ നാലും സ്റ്റോയിനിസ് മൂന്നും വിക്കറ്റുകൾ നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് വേണ്ടി ശിഖര്‍ ധവാനൊപ്പം ഓപ്പണറായി ഇറങ്ങിയത് സ്റ്റോയിനിസ് ആയിരുന്നു. ഒന്‍പതാം ഓവറില്‍ 27 പന്തുകളില്‍ നിന്നും 38 റണ്‍സെടുത്ത സ്റ്റോയിനിസിനെ റാഷിദ് ഖാന് പുറത്താക്കി. സ്റ്റോയിനിസിന് പകരം ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. 20 പന്തുകളില്‍ നിന്നും 21 റണ്‍സെടുത്ത ശ്രേയസ്സിനെ ഹോള്‍ഡര്‍ പുറത്താക്കി.
ശ്രേയസ്സിന് ശേഷം ക്രീസിലെത്തിയത് വെടിക്കെട്ട് താരം ഷിംറോണ്‍ ഹെറ്റ്മെയറാണ്. ഇരുവരും ചേര്‍ന്ന് 16.2 ഓവറില്‍ സ്കോര്‍ 150 കടത്തി.
19-ാം ഓവറില്‍ ധവാനെ മടക്കി സന്ദീപ് ശര്‍മ സണ്‍റൈസേഴ്സിന് ആശ്വാസം പകര്‍ന്നു. 49 പന്തുകളില്‍ നിന്നും 78 റണ്‍സാണ് ധവാന് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.
അവസാന രണ്ട് ഓവറുകളില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത നടരാജനും സന്ദീപ് ശര്‍മയുമാണ് ഡല്‍ഹി സ്കോര്‍ 200 കടക്കാതെ കാത്തത്. ഹെറ്റ്മെയര്‍ 22 പന്തുകളില്‍ നിന്നും 42 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
സണ്‍റൈസേഴ്സിന് വേണ്ടി ഹോള്‍ഡര്‍, സന്ദീപ് ശര്‍മ, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ കഗീസോ റബാഡ ഡേവിഡ് വാർണറുടെ (2) കുറ്റി പിഴുതു. ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ പ്രിയം ഗാർഗിനും ഏറെ ആയുസുണ്ടായില്ല. അഞ്ചാം ഓവറിൽ 17 റൺസെടുത്ത ഗാർഗിനെ മാർക്കസ് സ്റ്റോയിനിസ് ക്ലീൻ ബൗൾഡാക്കി. ആ ഓവറിൽ തന്നെ മനീഷ് പാണ്ഡെയും (21) മടങ്ങി. പാണ്ഡെയെ സ്റ്റോയിനിസിൻ്റെ പന്തിൽ നോർക്കിയ പിടികൂടുകയായിരുന്നു.
പവർ പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി തകർച്ച മുന്നിൽ കണ്ട ഹൈദരാബാദിനായി ജേസൻ ഹോൾഡറും കെയിൻ വില്ല്യംസണും ഒത്തുചേർന്നു. റൺ റേറ്റ് പിടിവിട്ടു പോകാൻ അനുവദിക്കാതിരുന്ന അവർ ഹൈദരാബാദിനെ വീണ്ടും ട്രാക്കിലെത്തിച്ചു. 46 റൺസാണ് ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഹോൾഡറെ (11) പ്രവീൺ ദുബെയുടെ കൈകളിൽ എത്തിച്ച അക്സർ പട്ടേൽ ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.
ആറാം നമ്പറിൽ എത്തിയ അബ്ദുൽ സമദ് ഗംഭീര ഫോമിലായിരുന്നു. ഡൽഹിയുടെ കരുത്തുറ്റ ബൗളിംഗ് നിരയെ പിച്ചിച്ചീന്തിയ സമദിനൊപ്പം വില്ല്യംസണും കൂറ്റൻ ഷോട്ടുകൾ കണ്ടെത്തിയതോടെ ഹൈദരാബാദിനു വീണ്ടും പ്രതീക്ഷയായി. ഇതിനിടെ 35 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് ശേഷവും ഒന്നാം തരമായി ബാറ്റ് ചെയ്ത വില്ല്യംസണ് 17ആം ഓവറിൽ പിഴച്ചു. 45 പന്തുകളിൽ 67 റൺസ് നേടിയ താരം മാർക്കസ് സ്റ്റോയിനിസിൻ്റെ പന്തിൽ കഗീസോ റബാഡയ്ക്ക് പിടി നൽകി മടങ്ങിയത് വീണ്ടും ഡൽഹിക്ക് മുൻതൂക്കം നൽകി. അഞ്ചാം വിക്കറ്റിൽ സമദിനൊപ്പം 57 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് കെയിൻ മടങ്ങിയത്.
കൂറ്റൻ ഷോട്ടുകൾ ഉതിർത്തു കൊണ്ടിരുന്ന സമദ് 19ആം ഓവറിൽ പുറത്തായി. 16 പന്തുകളിൽ 33 റൺസെടുത്ത സമദിനെ കഗീസോ റബാഡ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായ കീമോ പോളിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാൻ (11) അക്സർ പട്ടേൽ പിടിച്ചു പുറത്തായി. അഞ്ചാം പന്തിൽ ശ്രീവത്സ് ഗോസ്വാമിയെ (0) മാർക്കസ് സ്റ്റോയിനിസ് പിടികൂടി. അഞ്ചാം പന്തിൽ ഒരു വൈഡ് ബോൾ എറിഞ്ഞതു കൊണ്ട് തന്നെ അത് ഹാട്രിക്ക് ആയില്ല. അവസാന ഓവറിലെ 22 റൺസ് വിജയലക്ഷ്യം നോർക്കിയ അനായാസം പ്രതിരോധിച്ചതോടെ ജയം പിടിച്ച് ഡൽഹി ഫൈനലിൽ. ഐപിഎൽ ചരിത്രത്തില്‍ ആദ്യമായാണ് ഡൽഹി ഫൈനലിൽ എത്തുന്നത്.