പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ് യുപിഐക്ക് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി. ഇതോടെ ഇനി മുതൽ ഉപയോക്താക്കൾക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാൻ സാധിക്കും.
രാജ്യത്തെ 40 കോടി ഉപയോക്താക്കൾക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്സപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.
റിസർവ് ബാങ്കിൻറെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായി തുടങ്ങും.
Read also: പുത്തന് ഫീച്ചറുമായി വാട്ട്സ്ആപ്പ്
രണ്ടു വർഷമായി വാട്സപ്പ് പേയ്മെൻ്റ് സർവീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി പാർട്ണർഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകൾ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കർബർഗ് അറിയിച്ചു.
ഇന്ത്യയിൽ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യൺ കടന്നുവെന്ന് കഴിഞ്ഞ ദിവസം എൻപിസിഐ അറിയിച്ചിരുന്നു. വാട്സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നൽകുന്നത് ഡിജിറ്റൽ പേയമെന്റ് രംഗത്ത് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.
വാട്സപ്പ് യുപിഐ സേവനം പ്രവർത്തിപ്പിക്കുന്ന വിധം:
വാട്സപ്പ് തുറന്ന് മൂന്ന് കുത്തുകളുള്ള ഐക്കൺ സെലക്ട് ചെയ്യുക. പോപ്പപ്പ് മെനുവിൽ നിന്ന് പേയ്മെൻ്റ്സ്-ആഡ് പേയ്മെൻ്റ്സ് സെലക്ട് ചെയ്യുക. വരുന്ന പട്ടികയിൽ നിന്ന് നമ്മുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക. തുടർന്ന് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പർ വെരിഫൈ ചെയ്യും. എസ് എം എസിലൂടെയാവും വെരിഫിക്കേഷൻ. വാട്സപ്പ് നമ്പർ തന്നെയാവണം ബാങ്കിലെ ഫോൺ നമ്പർ. പിന്നീട് യുപിഐ പിൻ രേഖപ്പെടുത്തണം. ഇതോടെ വാട്സപ്പ് യുപിഐ സേവനം പ്രവർത്തിച്ചു തുടങ്ങും.