എല്ലാ പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് താരന്. ചൂടുകാലമെന്നോ തണുപ്പ് കാലമെന്നോ വ്യത്യാസം താരനില്ല. താരന് ഒരു പ്രശ്നക്കാരനാണെങ്കിലും തലയിലെ ചൊറിച്ചില്‍ സഹിക്കാനാകാതെ വരുമ്പോഴാണ് മിക്കവരും പ്രതിവിധി തേടി നെട്ടോട്ടമോടുന്നത്. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ ചില എളുപ്പ വഴികളും മുന്കരുതലുകളുമുണ്ടെന്ന കാര്യം നാം പലപ്പോഴും ഓര്‍ക്കാറില്ല.
എന്താണ് താരന് ?
ശിരോചര്‍മ്മത്തില്‍ തൊലി അടരുന്നത് പോലെ തരിയായി കണ്ടുവരുന്ന ഗുരുതരമായ പ്രശ്നമാണ് താരന്. ചെറിയ രീതിയില്‍ വരുന്ന താരന് സാധാരണ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുവാന്‍ എളുപ്പത്തില്‍ കഴിയാറുണ്ട്. എന്നാല്‍ താരനുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. താരന് പൂര്‍ണമായും മാറാന്‍ പ്രത്യേക ചികിത്സ തന്നെ വേണം.
തലയിലെ താരന് അധികമായി കഴിഞ്ഞാല്‍ അത് പുരികത്തിലേക്കും കണ്പീലികളിലേക്കും പടരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ചില നാടന്‍ പ്രയോഗങ്ങള്‍ ഉപയോഗിച്ച് താരനെ ഇല്ലാതാക്കാന്‍ കഴിയും അവ ഏതൊക്കെയാണെന്ന് നോക്കാം.
* ചെറിയ ഉള്ളി
ചെറിയ ഉള്ളി താരന് മാറാന്‍ ഉത്തമമാണ്. ആറ് ചെറിയ ഉള്ളിയും ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ശേഷം, ഇതിന്റെ നീര് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം. ഇങ്ങനെ ആഴ്ച്ചയില്‍ മൂന്ന് ദിവസം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ ചെറിയ ഉള്ളി മുറിച്ച് തലയില്‍ തേയ്ക്കുന്നതും നല്ലതാണ്.
* കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ എടുത്ത് തലയിലും പുരികത്തിലും പുരട്ടി പത്തു മിനിറ്റിനുശേഷം കഴുകിക്കളയുക. ഇത് താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
* നാരങ്ങാ നീരും വെളിച്ചെണ്ണയും
നാരങ്ങാ നീരും, വെളിച്ചെണ്ണയും സമം എടുത്തു ചൂടാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. താരന് ഇല്ലാതാക്കാനും മുടിയ്ക്ക് മിനുസം കിട്ടാനും സഹായിക്കുന്നു. കൂടാതെ ചെറുനാരങ്ങ മുറിച്ച് തലയില്‍ ഉരച്ച് തേച്ച് പിടിപ്പിക്കുന്നതും താരന് ഇല്ലാതാക്കുന്നു.
* മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള നന്നായി തലയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകികളയുക ഇത് മുടിയ്ക്ക് കറുപ്പു നിറം നല്‍കുകയും താരന് ഇല്ലാതാക്കുകയും ചെയ്യുന്നു.
* ചെമ്പരത്തി
ചെമ്പരത്തി പൂവ് നന്നായി അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നതും താളിയായി ഉപയോഗിക്കുന്നതും താരന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ മുടിക്ക് കറുപ്പ് നിറം നല്‍കാനും മുടി നന്നായി വളരാനും ഇത് സഹായിക്കുന്നു.