പേരക്ക പോഷക ഗുണത്തില്‍ മറ്റു പഴങ്ങളെക്കാളും ഏറെ മുന്നിലാണ്. എന്നാല്‍, പേരയിലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. ഇതില്‍ നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി ചൂടു ചായയില്‍ ഇട്ട് കുടിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്റ്ററോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തിളപ്പിച്ച വെള്ളത്തില്‍ പേര ഇല ഇട്ടു കുടിക്കുന്നതും ഉത്തമമാണ്. കൂടാതെ അതിസാരത്തിനു കാരണമാകുന്ന സ്റ്റഫൈലോ കോക്കസ് ഓറിയസ് ബാക്ടീരിയയുടെ ശരീരത്തിലെ പ്രവര്‍ത്തനം പേരയിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ മന്ദീഭവിപ്പിക്കുന്നു.
ചര്‍മ്മ സംരക്ഷണത്തിനും നമുക്ക് പേരയില ഉപയോഗിക്കാം. ഈ ഇലകളില്‍ അടങ്ങിയിട്ടുളള ആന്റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ മാറാനും ഈ ഇലകള്‍ സഹായിക്കുന്നു. മുഖകുരു തടയാനും തലയിലെ താരന്‍ മാറാനും ഒക്കെ വളരെ നല്ലതാണ് പേരയില. തളിരില വേണം ഇതിനെല്ലാം ഉപയോഗിക്കാന്‍, അത് പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിന്‍ ബിയുടെ കലവറയാണ് പേരയിലകള്‍ എന്നു വേണം പറയാന്‍. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പേരയുടെ തളിരിലകള്‍ നന്നായി കഴുകി, പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.. ഇത് കുളിക്കുന്നതിന് മുമ്പ് തലയോട്ടിയില്‍ നന്നായി പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കാം… ആഴ്ച്ചയില്‍ മൂന്ന് ദിവസം ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.
അതേസമയം, പ്രമേഹത്തിനെതിരെയുള്ള ഉത്തമ ഔഷധം എന്ന നിലയിലും പേരയില കേമന്‍ തന്നെ. പ്രമേഹം നിയന്ത്രിക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഈ വെള്ളം ഉപകരിക്കും. പല്ല് വേദന, വായ് നാറ്റം, മോണരോഗങ്ങള്‍ എന്നിവയകറ്റാന്‍ പേരയുടെ ഒന്നോ രണ്ടോ തളിരിലകള്‍ വായിലിട്ടു ചവച്ചാല്‍ മതിയാകും.
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.പേരക്കയില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. വിറ്റാമിന്‍-എ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ട് കാഴ്ചശക്തിക്ക് ഏറ്റവും ഗുണകരമാണ് പേരക്കയെന്നാണ് വിലയിരുത്തപ്പെടുന്നത്. പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ നിന്നുള്ള ആവി പിടിക്കുകയോ ചെയ്താല്‍ ചുമയ്ക്കും കഫക്കെട്ടിനും ആശ്വാസമുണ്ടാകും.