അബുദാബി: ഐ.പി.എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. 154 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.5 ഓവറിൽ വിജയിക്കുകയായിരുന്നു. 62 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ വിജയശില്പി. ഫാഫ് ഡുപ്ലെസി (48), അമ്പാട്ടി റായുഡു (30) എന്നിവരും ചെന്നൈ സ്കോറീൽ നിർണായക പങ്കു വഹിച്ചു. ചെന്നൈയുടെ തുടച്ചയായ മൂന്നാം ജയമാണ് ഇത്. ഈ തോൽവിയോടെ തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ചെന്നൈ നേരത്തെ പുറത്തായിരുന്നു.
154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിങ്സിനായി ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 10ആമത്തെ ഓവറിലാണ് ചെന്നൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 34 പന്തുകളിൽ 48 റൺസെടുത്ത ഡുപ്ലെസിയെ ക്രിസ് ജോർഡൻ ലോകേഷ് രാഹുലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഗെയ്ക്വാദുമൊത്ത് 82 റൺസിൻ്റെ കൂട്ടുകെട്ടിലും ഫാഫ് പങ്കാളിയായിരുന്നു. അമ്പാട്ടി റായുഡു 30 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. മികച്ച തുടക്കം മുതലാക്കാന്‍ പഞ്ചാബ് മധ്യനിരയ്ക്ക് സാധിക്കാതെ പോയതാണ് പഞ്ചാബിനെ വലിയ സ്കോറില്‍ എത്തുന്നതില്‍ നിന്ന് തടഞ്ഞത്.
ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് പഞ്ചാബ് സ്കോറിലെത്തിയിരുന്നു. സ്കോര്‍ 48-ല്‍ നില്‍ക്കെയാണ് 15 പന്തില്‍ അഞ്ചു ഫോറുകളടക്കം 26 റണ്‍സെടുത്ത മായങ്കിനെ പഞ്ചാബിന് നഷ്ടമാകുന്നത്.
പവര്‍പ്ലേ കഴിഞ്ഞതോടെ പഞ്ചാബിന്റെ തകര്‍ച്ചയും തുടങ്ങി. സ്കോര്‍ 62-ല്‍ നില്‍ക്കെ 27 പന്തില്‍ 29 റണ്‍സുമായി രാഹുലും മടങ്ങി. വൈകാതെ ക്രിസ് ഗെയ്ല് (12), നിക്കോളാസ് പൂരന് (2) എന്നിവരും പുറത്തായതോടെ പഞ്ചാബ് പ്രതിസന്ധിയിലായി.
എന്നാല്‍ ദീപക് ഹൂഡ തകര്‍ത്തടിച്ചതോടെ പഞ്ചാബ് ഇന്നിങ്സിന് വീണ്ടും ജീവന് വെച്ചു. 30 പന്തില്‍ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 62 റണ്‍സെടുത്ത ഹൂഡയാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. മന്ദീപ് സിങ് (14), ജെയിംസ് നീഷാം (2) എന്നിവരാണ് പുറത്തായ താരങ്ങള്‍.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയാണ് ചെന്നൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായ ചെന്നൈ, അതിനു ശേഷം പ്ലേ ഓഫ് സാധ്യത കെടുത്തിക്കളയുന്ന രണ്ടാമത്തെ ടീമാണ് പഞ്ചാബ്. ഇതിനു മുൻപത്തെ മത്സരത്തിൽ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പ് എന്ന സ്വപ്നവുമായി വന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ചെന്നൈ തോൽപ്പിച്ചിരുന്നു.