പാരീസ്: നീസിലെ ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സിലെ ലിയോണിലുണ്ടായ വെടിവയ്പില്‍ വൈദികന് പരിക്കേറ്റു. ഓര്‍ത്തഡോക്സ് വൈദികനാണ് പരിക്കേറ്റത്. വെടിയുതിര്‍ത്ത വ്യക്തി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പള്ളി അടയ്ക്കുന്നതിനിടയിലായിരുന്നു വെടിവയ്പ്. പ്രാദേശിക സമയം നാലുമണിക്കാണ് വെടിവയ്പുണ്ടായത്. ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്നാണ് വിവരം. പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണുമായി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഇന്റീരിയര്‍ മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ വിശദമാക്കിയതായി എഎഫ്പിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രീക്കുകാരനായ വൈദികനാണ് വെടിയേറ്റതെന്നാണ് വിവരം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നീസ് നഗരത്തില്‍ കത്തി കൊണ്ടുള്ള അക്രമത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ലിയോണിലെ വെടിവയ്പ്.
നേരത്തെ നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്. ഫ്രാന്‍സില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്.