മലപ്പുറം: കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം മുന്‍നിര്‍ത്തി എസ്.പി യടക്കം എട്ട് പോലിസുകാര്‍ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.
രാജ്യത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തത്തില്‍ അവസരോചിതമായ ഇടപെടല്‍ നടത്തിയ മലപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുള്‍ കരീമിടക്കം എട്ട് പൊലീസുകാര്‍ക്കാണ് അര്‍ഹതയ്ക്കുള്ള പുരസ്ക്കാരമായി കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡല്‍ ലഭിച്ചത്.
ജില്ലയേയും സംസ്ഥാനത്തേയും മുള്‍മുനയില്‍ നിര്‍ത്തിയ കവളപ്പാറ ദുരന്തത്തില്‍ പോലിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി നടപ്പാക്കിയതും നിരവധി ജീവനുകള്‍ക്ക് തുണയായതുമായ പ്രവര്‍ത്തനങ്ങളാണ് ദേശീയ അംഗീകാരത്തിലേക്ക് ജില്ലാ പോലിസ് സംഘത്തെ നയിച്ചത്.
ജില്ലാ പോലിസ് മേധാവിയെ കൂടാതെ എടക്കര പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഐ.പി മനോജ് പറയറ്റ, പോത്തുകല്‍ പോലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.അബ്ബാസ്, എം.എസ്.പി എപിഎസ്ഐ ടികെ മുഹമ്മദ് ബഷീര്‍, എംഎസ്പി എപിഎസ്ഐ എസ്കെ ശ്യാം കുമാര്‍, എംഎസ്പി പോലിസ് കോണ്‍സ്റ്റബിള്‍മാരായ സി നിതീഷ്, കെ സക്കീര്‍, എം അബദുല്‍ ഹമീദ് എന്നിവര്‍ക്കാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മെഡലിനര്‍ഹരായത്.