ന്യൂ ഡല്‍ഹി: ഇന്ത്യയുടെ മാപ്പില്‍ നിന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം.
ജി 20 യുടെ ഭാഗമായി ജി 20 സമ്മിറ്റ് കറന്‍സിയിലാണ് സൗദി അറേബ്യ ഇന്ത്യയുടെ മാപ്പില്‍ നിന്ന് ലഡാക്കിനെയും കശ്മിരീനെയും പ്രത്യേക മേഖലയായി അടയാളപ്പെടുത്തിയത്.
സൗദി അറേബ്യയോട് അടിയന്തിരമായി തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
” സൗദിയുടെ ഇന്ത്യന്‍ അംബാസിഡര്‍ വഴി വിഷയത്തില്‍ രാജ്യത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്. കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി തെറ്റിധാരണയുണ്ടാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അടിയന്തിരമായി നടപടിയെടുക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. ജമ്മു കശ്മീര്‍, ലഡാക്ക് പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമായി തന്നെ ഉള്‍പ്പെടുത്തി മാപ്പ് മാറ്റുവാനും ആവശ്യപ്പെട്ടിട്ടുണ്ട്”, വിദേശകാര്യ വക്താവ് പറഞ്ഞു.
ജി 20യുടെ ഭാഗമായി സൗദി പുറത്തിറക്കിയ മാപ്പില്‍ പാകിസ്താനും തിരിച്ചടി നേരിട്ടിരുന്നു. പാക് അധീന കശ്മീരും സൗദി കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇന്ത്യ അംഗമായ ജി 20 യുടെ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് സൗദി അറേബ്യയാണ് അധ്യക്ഷത വഹിക്കുന്നത്. നവംബര്‍ 21,22,23 തിയ്യതികളില്‍ വെര്‍ച്വലായാണ് ഉച്ചകോടി നടക്കുന്നത്.